ഭൂമിശാസ്ത്രം
കരിമ്പുഴപ്പുഴയാല്‍ അനുഗ്രഹീതമാണ് കരിമ്പുഴ ഗ്രാമപഞ്ചായത്ത്. ചൂരിയോടു പുഴയും, നെല്ലിപ്പുഴയും, തുപ്പനാടു പുഴയും, കുന്തിപ്പുഴയും ചേര്‍ന്നൊഴുകുന്ന കരിമ്പുഴയാണ് മുഖ്യമായ ജലസ്രോതസ്സ്. നെല്ല്, തെങ്ങ്, വാഴ, റബ്ബര്‍, കശുമാവ്, മരച്ചീനി എന്നിവയാണ് പ്രധാന കാര്‍ഷികവിളകള്‍. 63 കുളങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പൊമ്പ്രയിലെ കെ.പി.ജെ.പി കനാലാണ് പ്രധാനപ്പെട്ട കനാല്‍. മങ്ങാട്ടുമല, പൊമ്പ്രമല, ചെങ്ങോട്ടുമല എന്നിവ പ്രധാന മലകളാണ്. ഈ പഞ്ചായത്തിലെ ഭുരിഭാഗം ജനങ്ങളും കൃഷിക്കാരും കര്‍ഷകതൊഴിലാളികളുമാണ്. 1969 ലാണ് 47.39 ച.കി.മി വിസ്തൃതിയുള്ള പഞ്ചായത്ത് നിലവില്‍ വന്നത്. ഇടനാട് ഭൂപ്രകൃതിയായിട്ടുള്ള ഈ പഞ്ചായത്തിന്റെ മൊത്തം ഭുവിസ്തൃതിയുടെ 30% മലമ്പ്രദേശമാണ്. 56 പൊതുകിണറുകളാണ് ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നത്. 45 പൊതുകുടിവെള്ളടാപ്പുകളും 446 തെരുവുവിളക്കുകളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഏക മാവേലിസ്റ്റോര്‍ എലുമ്പുലാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസായ ബി. എസ്. എന്‍. എല്‍ കോട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്നു. എലുമ്പുലാശ്ശേരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം, വാക്കടപ്പുറത്തെ പി.എച്ച്.സിയുടെ ഉപകേന്ദ്രം, ആയൂര്‍വേദ സിസ്പെന്‍സറി, പഞ്ചായത്ത് ഓഫീസ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. കരിമ്പുഴ, എലുമ്പുലാശ്ശേരി എന്നിവിടങ്ങളിലാണ് വില്ലേജ് ആഫീസ് പ്രവര്‍ത്തിക്കുന്നത്. കരിമ്പുഴ പഞ്ചായത്തിലെ പരമ്പരാഗത വ്യവസായമാണ് നെയ്ത്ത്. 1985-86 ല്‍ ആറ്റാശ്ശേരിയില്‍ ഒരു പായ നെയ്ത്തുകേന്ദ്രം സ്ഥാപിക്കപ്പെട്ടു. ഈ നൂറ്റാണ്ടിലും നെയ്ത്തുവ്യവസായം സജീവമാണ്. കാര്‍ഷികാനുബന്ധ വ്യവസായവും, റബര്‍ അധിഷ്ഠിത വ്യവസായവുമാണ് ചെറുകിട വ്യവസായങ്ങളെന്ന നിലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1904-ലാണ് ആദ്യത്തെ എല്‍.പി.സ്കൂള്‍ കരിമ്പുഴയില്‍ ആരംഭിച്ചത്. പൊമ്പ്രയിലെ എ.എം.എല്‍.പി.സ്കൂള്‍, കരിമ്പുഴയിലെ എ.എം.എല്‍പി.സ്കൂള്‍, എ.യു.പി.സ്കൂള്‍, തോട്ടരയിലെ കെ.എച്ച്.എസ്.എസ്, എച്ച്.കെ.സി.എം, എലുമ്പുലാശ്ശേരിയിലെ ജി.എല്‍.പി.എസ് എന്നിവ കരിമ്പുഴ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകളാണ്. ഒരു നൂറ്റാണ്ടു പഴക്കമുള്ള കരിമ്പുഴയുടെ വിദ്യാഭ്യാസചരിത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രമുഖരാണ് വാരിയത്തൊടി രാമന്‍ നായര്‍, നല്ലൂര്‍ ഗോപാലമേനോന്‍ തുടങ്ങിയവര്‍. വിദ്യാഭ്യാസ വിചക്ഷണനും സാഹിത്യകാരനുമായിരുന്ന കരിമ്പുഴ രാമകൃഷ്ണന്റെ സേവനം വിദ്യാഭ്യാസരംഗത്തിന് നല്‍കിയ സംഭാവന നിസ്തുലമാണ്. കര്‍ഷകരെയും കാര്‍ഷിക മേഖലയെയും അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 1946-ല്‍ മംഗലാംകുന്ന് പി. സി. സി സഹകരണസംഘം എന്ന പേരിലാരംഭിച്ച ഐക്യനാണയ സംഘമാണ് പഞ്ചായത്തു പരിധിയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ആദ്യ സഹകരണ സ്ഥാപനം. നെല്ല് ശേഖരിച്ച് അരിയാക്കി വിപണനം നടത്തുകയായിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1968-ല്‍ പ്രവര്‍ത്തനമാരംഭിച്ച കുലിക്കിലിയാട് സര്‍വ്വീസ് സഹകരണ സംഘമാണ് പഞ്ചായത്തിലെ ആദ്യ സഹകരണ സ്ഥാപനം. പട്ടികജാതി സഹ: സഘം, പൊമ്പ്ര വനിതാ സഹകരണ സംഘം, എലുമ്പുലാശ്ശേരി ക്ഷീരോല്പാദക സഹ: സംഘം, കരിമ്പുഴ, കോട്ടപ്പുറം എന്നിവിടങ്ങളിലെ നെയ്ത്ത് സഹ: സംഘം, കരിമ്പുഴ ഹൈസ്കുള്‍, കുലിക്കിലിയാട് യു. പി. സ്കൂള്‍ എന്നിവിടങ്ങളിലെ സ്ക്കൂള്‍ സഹ: സംഘങ്ങള്‍ എന്നിവ മറ്റു സഹകരണ സ്ഥാപനങ്ങളാണ്. നാളികേരം, റബ്ബര്‍, നെല്ല്, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍. കൂലിക്കിലിയാട് ചന്തയാണ് ഈ പഞ്ചായത്തിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. കുന്തിപ്പുഴയുടെ നൈര്‍മല്യവും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നതയും ഒത്തിണങ്ങിയ പ്രകൃതിയുടെ വരദാനമാണ് കരിമ്പുഴ പഞ്ചായത്ത്. തിരുവിളയനാട് ഭഗവതി ക്ഷേത്രം, ശ്രീരാമ സ്വാമിക്ഷേത്രം, പൊമ്പ്രയിലെ ക്രിസ്ത്യന്‍ ദേവാലയം, കോട്ടപ്പുറങ്ങളിലെ മുസ്ളീം പള്ളി എന്നിവ ഉള്‍പ്പെട്ടതാണ് ഇവിടുത്തെ ആരാധനാലയങ്ങള്‍. തിരുവിളയനാട്ടുകാവിലെ ഭരണി, കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഉത്സവം, തോട്ടര പള്ളി നേര്‍ച്ച എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്. സാഹിത്യലോകത്തിന് മറക്കാന്‍ കഴിയാത്ത യശ:ശരീരനായ കരിമ്പുഴ രാമകൃഷ്ണന്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക സമ്പത്താണ്. കവിയായ കരിമ്പുഴ രാമചന്ദ്രന്‍, കഥകളി സംഗീതത്തില്‍ അദ്വിതീയനായിരുന്ന തെക്കേടത്ത് ശങ്കുണ്ണിപ്പൊതുവാള്‍, തായമ്പക വിദഗ്ധനായിരുന്ന ചെമ്മരത്ത് അച്ചുതപൊതുവാള്‍, നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നടുവില്‍ ഗോപി പൊതുവാള്‍, ജ്യോതിഷപണ്ഡിതനും മൃദംഗ, ഇടയ്ക്ക വിദ്വാനുമായിരുന്ന കരിമ്പുഴ കൃഷ്ണപ്പൊതുവാള്‍, വൈദ്യരംഗത്തെ ആര്യ വൈദ്യന്‍ പി. വി. രാമവാരിയര്‍, രാഷ്ട്രീയ രംഗത്തെ കൊങ്ങശ്ശേരി കൃഷ്ണമേനോന്‍, സിനിമ പിന്നണി ഗാനരംഗത്തെ രാധ-സീതമാര്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്. മുന്‍ എം.എല്‍.എ.പാറക്കോട്ടില്‍ കുമാരനും ഈ പഞ്ചായത്ത് നിവാസിയാണ്. പിച്ചളകൊണ്ടു നിര്‍മ്മിച്ച ‘കരിമ്പുഴ ചെല്ലം’ പ്രസിദ്ധമാണ്. കോട്ടപ്പുറത്തെ ദര്‍ശന യുവജനവായനശാലയും, എലുമ്പുലാശ്ശേരിയിലെ യുവജനവായനശാലയും പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് വായനശാലകളാണ്. 1894-ല്‍ സ്ഥാപിച്ച കരിമ്പുഴ തപാലാഫീസ് വാര്‍ത്താവിനിമയരംഗത്തെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ചരിത്രമുറങ്ങുന്ന പോസ്റ്റോഫീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. കോട്ടപ്പുറത്തെ പ്രാഥമിക ആരോഗ്യകേന്ദ്രവും പൊമ്പ്രയിലെ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയും പ്രധാന ആരോഗ്യകേന്ദ്രങ്ങളാണ്. എലുമ്പുലാശ്ശേരിയില്‍ പി.എച്ച്.സിയുടെ ഒരു ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരത്തെ വ്യാപാരവ്യവസായ ഏകോപന സമിതി ആംബുലന്‍സ് സേവനം നടത്തിവരുന്നു. 1962 മുതല്‍ക്കാണ് കരിമ്പുഴ പഞ്ചായത്ത് ഗതാഗതയോഗ്യമായത്. ഈ കാലത്ത് കരിമ്പുഴ പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ യാത്രാ സൌകര്യം കൂടുതല്‍ സുഗമമായി. കൂട്ടിലക്കടവ്-കുന്തിയപ്പുറം റോഡ്, കരിമ്പുഴ-കുലിക്കിലിയാട്, കോട്ടപ്പുറം-ആനശ്ശേരി എന്നിവയാണ് പ്രധാനപ്പെട്ട റോഡുകള്‍. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം തുടങ്ങിയ ബസ് സ്റ്റാന്റുകളാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍. പഞ്ചായത്തിനോട് ഏറ്റവും അടുത്ത വിമാനത്താവളവും തുറമുഖവും കോഴിക്കോട് ആണ്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍. കൂട്ടിലക്കടവാണ് പഞ്ചായത്തിലെ പ്രധാന ജലഗതാഗതകേന്ദ്രം.